News

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കോട്ടയം : കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം മുൻധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാൻ ജോസ് വിഭാഗം തയ്യാറാകാതിരുന്നതോടെയാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.  ധാര്‍മികമായ സഹകരണം ഉണ്ടായില്ല. പലതവണ സമവായ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാന്‍ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്

യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നൽകി പല തവണ ചർച്ചകൾ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്ന് യുഡിഎഫ് കൺവീനൽ ബെന്നി ബെഹന്നാൻ പത്രസമ്മേളത്തിൽ വ്യക്തമാക്കി. ജോസ് വിഭാഗം യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ധിക്കരിച്ചു. ജോസ് വിഭാഗത്തിന് ഇനി മുന്നണിയിൽ തുടരാൻ അർഹതയില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച്‌ ധാരണയാകാതെ പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ നിലപാട്. പ്രശ്നപരിഹാരത്തിനായി ജോസ് വിഭാഗം മുന്നോട്ടുവെച്ച നാല് നിര്‍ദേശങ്ങളും ജോസഫ് വിഭാഗം നിഷ്ക്കരുണം തള്ളി. ഇന്ന് അവസാന നിമിഷവും കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ മാണിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അതേസമയം പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിലാണ് യുഡിഎഫിന്റെ തീരുമാനമെന്നും ജോസ് വിഭാഗം വ്യക്തമാക്കി. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളുവെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നൽകി. യുഡിഎഫ് തീരുമാനം ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകീട്ട് ജോസ് വിഭാഗം അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ കാണും.

ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനത്തെ ജോസഫ് വിഭാഗം സ്വാഗതം ചെയ്തു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്ന് ജോസഫ് വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button