സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശ്ശൂർ- 26, കണ്ണൂർ- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസർകോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 26 പേർ. സമ്പർക്കം വഴി 5 പേർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉൾപ്പെടുന്നു. 24ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
79 പേരാണ് സംസ്ഥനത്ത് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂർ-5, പാലക്കാട്-3, കോഴിക്കോട്-8, മലപ്പുറം-7, കണ്ണൂർ- 13, കാസർകോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേർ ആശുപത്രികളിലാണ്. ഇന്നു മാത്രം 281 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. എല്ലാ ഇനത്തിലുമായി 224727 പേരിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 171846 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2774 പേരുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 46689 സാമ്പിളുകൾ ശേഖരിച്ചു. 45065 നെഗറ്റീവ് ആയി.
എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായ ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നവർക്ക് ലക്ഷണമില്ലെങ്കിൽക്കൂടി പരിശോധന നടത്തും. മാർക്കറ്റുകളിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽനിന്നുള്ള മെഡിക്കൽ ടീമിനെ ഈ പ്രദേങ്ങളിൽ നിയോഗിക്കും.
അടുത്ത മൂന്ന് ദിവസം ക്ലസ്റ്റർ സോണുകളിൽ വിശദമായ പരിശോധനയും വീടുതോറുമുള്ള സർവേയും നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ കുറഞ്ഞത് പതിനായിരം പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 118 ആണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഇന്നു വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറ് അർധരാത്രിവരെ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.