ആരേയും നേരിടാൻ ഇന്ത്യ സജ്ജം; ജവാന്മാരുടെ കൈയ്യില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണ്. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രശ്നമാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരേയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്. രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാൽവനിൽ വീരമൃത്യു വരിച്ചവരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചർച്ചയാവുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും സൈനികരുടെ ധൈര്യം മലനിരകളെക്കാള്‍ ഉയരത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ സമാധാനത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നത്. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാവില്ല. ധീരതയും ത്യാഗവുമാണ് സമാധാനം കാത്തുസൂക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ. യുദ്ധമോ സമാധാനമോ, സാഹചര്യം എന്തായാലും സൈനികരുടെ പ്രവർത്തനങ്ങൾ എന്താണെന്ന് ലോകം കണ്ടു. നാം മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഓടക്കുഴലൂതുന്ന കൃഷ്ണനേയും സുദർശനചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്ന ആളുകളാണ് നാം.
സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു. വികസനവാദികളുടെ കാലമാണിത്. ഇന്ത്യ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ജവാന്മാരുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമാണ്. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാം. ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കുകയില്ല. ഭാരത മാതാവിന്റെ സുരക്ഷക്കായി എന്നും സൈനികര്‍ക്കൊപ്പം നില്ക്കും. ഇന്ത്യയുടെ എല്ലാ ഭാഗത്തും നിന്നുള്ള സൈനികരാണ് രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചത്. രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. ഏതു വെല്ലുവിളികളെയും നേരിട്ട് ഇന്ത്യ വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.