ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെച്ചു
ന്യൂഡല്‍ഹി : മെഡിക്കല്‍, എൻജിനീയറിങ്ങ് പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെച്ചു. സെപ്റ്റംബര്‍ 13ലേക്കാണ് നീറ്റ് പരീക്ഷ മാറ്റിവെച്ചത്. ജെ.ഇ.ഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയും അഡ്വാന്‍ഡ്സ് പരീക്ഷ സെപ്റ്റംബര്‍ 27നും നടത്തുമെന്ന് കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റി വച്ചത്.
എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷയും ഗുണമേന്മയുളള പഠനവും ഉറപ്പുവരുത്താനാണ് പരീക്ഷ നീട്ടിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയിലുളള സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.