Top Stories
തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നുമുതൽ
തിരുവനന്തപുരം : കോര്പ്പറേഷന് പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. ഇന്നു രാവിലെ ആറു മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരസഭയുടെ 100 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി വസതിയിലിരുന്ന് ജോലിചെയ്യും. ആവശ്യ ആരോഗ്യസേവനങ്ങള്‍ക്ക് മാത്രമാം പുറത്തിറങ്ങാം. ഒരു പ്രദേശത്ത് ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഒരു കട മാത്രം തുറക്കും. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി ഇല്ല. സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. എല്ലാ റോഡുകളും പൂര്‍ണ്ണമായും അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തും.
സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കൾ മുതൽ ഒരാഴ്ചത്തെ നറുക്കെടുപ്പ് മാറ്റിവച്ചു. തിരുവനന്തപുരം നഗര പരിധിക്കുള്ളിൽ പൊതു ഗതാഗതം നിർത്തി. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, പേരൂർക്കട, വികാസ് ഭവൻ, വിഴിഞ്ഞം യൂണിറ്റുകളിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.
കേരള സര്‍വകലാശാല ഇന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ മാറ്റിവച്ചു. പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മാറ്റമില്ല. മഹാത്മാ ഗാന്ധി സര്‍വകലാശാലയും തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍വച്ചു നടത്താനിരുന്ന പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല.
തിരുവനന്തപുരം പിഎസ് സി ആസ്ഥാനത്ത് ഇന്നു തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും ബുധനാഴ്ച തുടങ്ങാനിരുന്ന ഇന്റര്‍വ്യൂവും മാറ്റിവച്ചു. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റര്‍വ്യൂവിനു മാറ്റമില്ല.