നീട്ടിവെച്ച സർവകലാശാല പരീക്ഷകൾ നടത്താമെന്ന് കേന്ദ്രം
ന്യൂഡൽഹി : ലോക്ക്‌ഡൗൺ കാരണം മാർച്ച് മാസം മുതൽ നീട്ടിവെച്ച അവസാന വർഷ കോളേജ് പരീക്ഷകൾ എല്ലാ വിധ സുരക്ഷാ മുൻകരുതലുകളോടും കൂടി നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബറിൽ പരീക്ഷകൾ നടത്താമെന്ന് അറിയിച്ചുള്ള മാർഗ്ഗ നിർദേശങ്ങൾ യുജിസി പുറത്തിറക്കി. അൺലോക്ക് ടുവിന്റെ ഭാഗമായി പരീക്ഷകൾ നടത്തണമെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും മന്ത്രാലയം കത്തെഴുതിയിട്ടുണ്ട്.
യുജിസി മാർഗ്ഗനിർദേശ പ്രകാരവും സർവ്വകലാശാല അക്കാദമിക കലണ്ടറും അനുസരിച്ച് അവസാന പാദ പരീക്ഷകൾ നിർബന്ധമായും നടത്തണമെന്ന് കത്തിൽ പറയുന്നുണ്ട്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം പാലിച്ചായിരിക്കണം പരീക്ഷകൾ നടത്തേണ്ടതെന്നും കത്തിൽ പറയുന്നുണ്ട്.
പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം സർവ്വകലാശാല അവസാന പാദ പരീക്ഷകൾ ഓൺലൈനിലോ ഓഫ് ലൈനിലോ നടത്താം. ഒരു വിദ്യാർഥിക്ക് സെപ്റ്റംബറിൽ പരീക്ഷയെഴുതാൻ സാധിച്ചില്ലെങ്കിൽ ആ പരീക്ഷ പിന്നീടെഴുതാനുള്ള അവസരവും കൂടി അവർക്കുണ്ടാവണം എന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നുണ്ട്.
എൻജിനിയറിങ് മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ കൂടി ഇത്തരത്തിൽ മാറ്റിവെക്കണമെന്ന ആവശ്യം വിദ്യാർഥികൾ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.