News

സ്വർണ്ണക്കടത്തിൽ അടിയന്തിര ഇടപെടൽ വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.  നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് എന്നും കത്തിൽ വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.

അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button