തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം;പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിൽ. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് ആണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മേഖലയിൽ സ്ഥിതി അതീവഗുരുതരമാണ്. ഇന്ന് മാത്രം 55 പേർക്കാണ് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ പൂന്തുറയിൽനിന്ന് ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ കർശനമാക്കിയതായി മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെ എല്ലാ പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകളേയും കണ്ടെത്തി പരിശോധന നടത്തും. പോസിറ്റീവാകുന്ന എല്ലാവരേയും ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റും. പൂന്തുറയിൽ 25 കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും, 6 ടീമുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വ്യാപക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതാനായി മതസാമുദായിക നേതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ഉച്ചഭാഷിണികളിലൂടെ പോലീസിന്റെ പ്രചരണപരിപാടികളും ഉണ്ടാവും. മാസ്കിന്റേയും സാനിറ്റൈസറിന്റേയും ലഭ്യതക്കുറവ് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. കോർപ്പറേൻ കൗൺസിലർമാരിലൂടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ പ്രധാനപ്പെട്ട റോഡുകളും ഇടറോഡുകളും തെരുവുകളും അണുനശീകരണം നടത്തും. പത്താം തീയ്യതി ഈ മേഖലകളിലെ മുഴുവൻ വീടുകളിലും അണുനശീകരണം നടത്തും. ഇതിനാവശ്യമുള്ള സൊലൂഷ്യൻ ഉണ്ടാക്കാനുള്ള ബ്ലീച്ചിങ് പൗഡർ ആവശ്യമെങ്കിൽ തിരുവനന്തപുരം നഗരസഭ വിതരണം ചെയ്യും. ഒരു ലിറ്റർ വെള്ളത്തിൽ ആറ് സ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത് 20 മിനുട്ട് വെച്ചിരുന്നാൽ അണുനശീകരണലായനിയായും. ഇതുപയോഗിച്ച് വീടും വീട്ടുപകരണങ്ങളും പരിസരവും ശുചിയാക്കണം.
ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14), പുതുശ്ശേരി(വാർഡ് നമ്പർ 15),പുതിയ ഉച്ചകട(വാർഡ് നമ്പർ 16) എന്നീ വാർഡുകളും, ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾ എന്നിവ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല.