തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 46 പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് കോവിഡ് രോഗബാധ. 46 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 11 കേസുകളും ജില്ലയിൽ ഉണ്ട്.
ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടുണ്ട്. സാമൂഹിക അവബോധം വര്‍ധിപ്പിക്കാന്‍ നോട്ടീസ് വിതരണം, മൈക്ക് അനൌണ്‍സുമെന്റ് തുടങ്ങിയവ നടത്തുന്നു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു.
ഇന്നലെ വരെയുള്ള ജില്ലയിലെ കണക്കനുസരിച്ച് 18828 പേര് വീടുകളിലും 1901 പേര് വിവിധ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജന്‍ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റര്‍ ഉടന്‍ അവിടെ സജ്ജമാക്കും. മൊബൈല്‍ മെഡിസിന് ഡിസ്പെന്‍സറി സജ്ജീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വര്‍ഡുകളില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാര്‍ഡിലുമായി 8110 കാര്‍ഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാന്‍ അധിക സംവിധാനം ഒരുക്കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.