News
സ്വപ്ന ബംഗളുരുവിൽ എത്തിയതിൽ ഉന്നത സഹായം ലഭിച്ചു എന്ന് ആരോപണം
തിരുവനന്തപുരം : ട്രിപ്പിൾ ലോക്ക് ഡൌൺ നിലനിൽക്കുന്ന തിരുവനന്തപുരത്തു നിന്നും അതീവ സുരക്ഷ നിലനിൽക്കുന്ന സംസ്ഥാന അതിർത്തി കടന്ന് സ്വപ്നയും ഭർത്താവും മക്കളും സന്ദീപും ബംഗളുരുവിൽ എത്തിയതിൽ ഉന്നത സഹായം ലഭിച്ചു എന്ന് ആരോപണം. കേരള പോലീസിന്റെ നിസ്സഹായ അവസ്ഥയാണ് സ്വപ്ന അതിർത്തി കടക്കാൻ കാരണമെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനം.
പോലീസിലേയും ഭരണ രംഗത്തെയും ഉന്നതരുടെ സഹായം ഇല്ലാതെ ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനം വിട്ട് പുറത്ത് പോകാൻ ആകില്ല. സ്വപ്നയെ ബംഗളുരുവിൽ വച്ച് കർണാടക പോലീസിന്റെ സഹായത്തോടെ എൻഐഎ പിടികൂടിയത് കേരള പോലീസിന്റെ കഴിവ്‌കേടാണെന്നാണ് വിലയിരുത്തൽ. മാത്രമല്ല സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തെ ചില ഉന്നതർക്ക് പങ്കുണ്ടന്നും കൂടിയാണ് സ്വപ്നയുടെ അതിർത്തികടന്നുള്ള രക്ഷപെടലിൽ നിന്ന് മനസിലാകുന്നത്.
‘ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെ സ്വപ്ന സംസ്ഥാനം വിട്ടുവെന്ന് ശ്രീ. പിണറായി വിജയൻ വ്യക്തമാക്കണം. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണ്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ. ഐ. എ യ്ക്ക് അഭിനന്ദനങ്ങൾ’- എന്നായിരുന്നു സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.