സ്വപ്നയെയും സന്ദീപിനേയും കൊച്ചിയിൽ എത്തിച്ചു
കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചു. ആലുവ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും ശേഷം പ്രതികളെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടവന്ത്രയിലുള്ള എൻ.ഐ.എ. ഓഫീസിൽ എത്തിച്ചത്. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ മൂന്നരയോടുകൂടി എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും.
ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രതികളെയും കൊണ്ടുള്ള എൻഐഎ സംഘം കൊച്ചിയിൽ എത്തുന്നത്. രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എൻ.ഐ.എ. വാഹനവ്യൂഹം വാളയാർ അതിർത്തി കടന്നത്. മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിച്ചത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പോലീസിന്റെ അകമ്പടിയുമുണ്ടായിരുന്നു.
കൊച്ചി എൻഐഎ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സിന്റെയും യുവമോർച്ചയുടെയും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോൺഗ്രസ് പ്രവർത്തകർ വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു. എൻ.ഐ.എ. സംഘത്തിന് അഭിവാദ്യമർപ്പിച്ചുള്ള പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. ഇതിനിടെ, വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടർന്നത്. യാത്രയ്ക്കിടെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.
ഇന്നലെ വൈകിട്ടാണ് സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ വച്ച് എൻഐഎയുടെ പിടിയിലാകുന്നത്. ബംഗളുരുവിൽ നിന്നും നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് എൻഐഎ പിടികൂടുന്നത്. ബെംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി.
ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു.ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്-ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍.ഐ.എ. സംഘം പ്രതികളെ പിടികൂടുകയായിരുന്നു.