വിമത എംഎൽഎമാരെ സസ്പെന്റ് ചെയ്ത് രാജസ്ഥാൻ കോൺഗ്രസ്
ജയ്പൂർ : രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് ഒപ്പമുള്ള എംഎൽഎമാർക്ക് എതിരെ നടപടിയുമായി കോൺഗ്രസ് നേതൃത്വം. രണ്ട് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവർക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
വിമത എം.എൽ.എമാരായ ഭൻവർലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവർക്കും എതിരെ നടപടി. കൂടാതെ സർക്കാരിനെ വീഴ്ത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ ഭൻവർ ലാൽ ശർമയ്ക്കും കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനുമെതിരെ രാജസ്ഥാൻ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
അതേസമയം സ്പീക്കർ സി പി ജോഷി നൽകിയ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനുനയ നീക്കങ്ങൾക്ക് കോൺഗ്രസ് വാതിൽ തുറന്നെങ്കിലും സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും മൗനം തുടരുകയാണ്.
കോൺഗ്രസ് നേതൃത്വം പരാതിപ്പെട്ടതിനെ തുടർന്നാണ് സ്പീക്കർ എംഎൽഎമാർക്ക് അയോഗ്യത നോട്ടീസ് നൽകിയത്. രണ്ട് ദിവസങ്ങളിലെ ഭരണ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് പ്രകോപനം.