ലോകത്ത് കോവിഡ് രോഗികൾ ഒന്നരക്കോടിയ്ക്കടുത്ത്
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയ്ക്കടുത്തെത്തി. ഇതുവരെ 1,46,40,349 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,08,856 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചികില്‍സയിലുള്ളവരില്‍ 59,815 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 8,734,789 രോഗികള്‍ കോവിഡ് മുക്തരായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗ ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര് മരിച്ചു. അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ യഥാക്രമം 39,27,16 പേര് മരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെക്സിക്കോയില്‍ 578 പേരും മരിച്ചു.
അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ സങ്കീര്‍ണമാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കുമെന്നാണ് നിഗമനം. മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസം അയ്യായിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി.
കഴിഞ്ഞ എഴ് ദിവസത്തെ മരണ സംഖ്യ പരിശോധിക്കുന്ന സാഹചര്യത്തിൽ നിലവില്‍ രോഗ ബാധയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യയില്‍ ആകെ 1,118,107 രോഗ ബാധിതരും 27,503 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രതിദിന രോഗ ബാധിതര്‍ യുഎസില്‍ എഴുപതിനായിരം പിന്നിടുകയും ഇന്ത്യയില്‍ നാല്പതിനായിരത്തിലേക്ക് അടുക്കുകയും ചെയ്യുന്ന സ്ഥിയിലാണ്.