യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനെതിരെ വകുപ്പ്തല നടപടിയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെതിരെ വകുപ്പ്തല നടപടിയ്ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് ശുപാര്‍ശ. ഗുരുതര ചട്ടലംഘനമാണ് ജയഘോഷ് നടത്തിയത് എന്നാണ് വിലയിരുത്തല്‍. കോണ്‍സുലേറ്റ് ജനറല്‍ മടങ്ങിപോയിട്ടും തന്റെ കൈവശമുള്ള തോക്ക് ജയഘോഷ് ഹാജരാക്കിയില്ലെന്നും ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ചിനെയോ കമ്മിഷണറെയോ അറിയിച്ചില്ലെന്നുമൈാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്.
അതേസമയം, ജയഘോഷിനെ എന്‍.ഐ.എ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയെന്നാണ് ജയഘോഷിന്റെ മൊഴി.
ആശുപത്രിയില്‍ എത്തിയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കണ്ടത്. ജയഘോഷിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ നാടകമാണോയെന്നുമാണ് അന്വേഷണസംഘത്തിന്റെ സംശയം. അതുകൊണ്ട് തന്നെ ജയഘോഷിന്റെ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ എന്‍.ഐ.എ തയ്യാറായിട്ടില്ല. വീണ്ടും എൻഐഎ ജയഘോഷിനെ ചോദ്യം ചെയ്യും.