സ്വർണ്ണക്കടത്ത്: മൂന്ന് ദുബായി മലയാളികളെക്കുറിച്ച് കസ്റ്റംസിനു വിവരം ലഭിച്ചു
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വർണ്ണം കടത്താൻ പണം സ്വരൂപിക്കുന്ന പ്രധാനികളായ ദുബായിലുള്ള മൂന്ന് മലയാളികളെക്കുറിച്ച് കസ്റ്റംസിനു വിവരം ലഭിച്ചു. സംഘത്തിലെ പ്രധാന കണ്ണികളായ റബിൻസും ഫൈസൽ ഫരീദുമായി അടുത്ത ബന്ധമുള്ളവരാണിവർ. മൂവാറ്റുപുഴ സ്വദേശി ജലാലുമായി അടുത്ത ബന്ധമുള്ള ഫൈസൽ ഫരീദിനും റബിൻസിനുമൊപ്പം ഈ ദുബായ് മലയാളികൾ സ്വർണക്കടത്തിനായി കോടികൾ സ്വരൂപിക്കുകയായിരുന്നെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. സംഘത്തിലെ പ്രധാനിയായ റബിൻസിനെ പിടികൂടാനുള്ള തെളിവുകൾ കസ്റ്റംസ് ശേഖരിച്ചുകഴിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽനിന്ന് ബുധനാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിൽ മുന്നിലുണ്ടായിരുന്ന സംഘടനയുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന്റെ ചുമതലയാണ് റബിൻസിനുണ്ടായിരുന്നത്. ഇയാളുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ മറ്റൊരു സ്വർണക്കടത്ത് കേസിൽ പിടിയിലായ ഇയാളുടെ ബന്ധുവിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനുടമയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു.
എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കേരള പോലീസിലെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥനും സിനിമാമേഖലയുമായുള്ള ബന്ധങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു വ്യക്തമായിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് എടുത്തുനൽകിയ അപ്പാർട്ട്മെന്റിലാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്നത്. സസ്പെൻഷനിലായ ഗൺമാനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് കേരളപോലീസിനു വിവരം നൽകിയതായും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്.
റബിൻസുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി എസ്. മോഹനും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്ക് സിനിമാമേഖലയുമായും ബന്ധമുണ്ട്. വിദേശത്തുനിന്നു ചാർട്ടേഡ് ഫ്ളൈറ്റുകൾ സജ്ജമാക്കാൻ റബിൻസിനൊപ്പം പ്രവർത്തിച്ചിരുന്നയാളാണിയാൾ.