ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും: കെ മുരളീധരന്‍
കോഴിക്കോട് : സംസ്ഥാനത്ത് ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ ചീത്ത വിളിക്കുകയാണെന്നും ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരെയും അധിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മാനസിക നിലക്ക് കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും എന്തിനാണ് അദ്ദേഹം ചീത്ത പറയുന്നതെന്നും മുരളിധരന്‍ ചോദിച്ചു.
സ്വന്തം വീഴ്ച മറക്കാന്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം . ഇത് പാലിക്കാതെ എകെജി സെന്ററില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ചട്ടലംഘനമാണെന്നും നിയമസഭ കൂടാന്‍ പോലും സര്‍ക്കാറിന് ധൈര്യമില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭ സമ്മേളനം ചേരണം. അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത് ജനകീയ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ലെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്ബോഴും കോണ്‍ഗ്രസ് അദ്ദേഹത്തെ ബഹിഷ്‌കരിച്ചിട്ടില്ല. അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കീം പരീക്ഷ നടത്തരുതെന്ന് പറഞ്ഞു. അത് അവഗണിച്ചു. അതിനാലാണ് കോവിഡ് കുട്ടികള്‍ക്ക് പടര്‍ന്നത്. ഓരോ തോന്നിവാസവും സര്‍ക്കാര്‍ ചെയ്തിട്ട് പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി മാധ്യമങ്ങള്‍ക്കും എന്ന നിലയിലാണ് ഇപ്പോള്‍. എന്നും മുരളീധരന്‍ ആരോപിച്ചു.