വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്
കാസർകോട് : വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് വരനും വധുവിനും ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17-ന് ചെങ്കള പഞ്ചായത്തിലെ പീലാംകട്ടയിലായിരുന്നു വിവാഹച്ചടങ്ങുകൾ. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചു.
ജൂലൈ 17ന് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിൽ പോകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിച്ചെന്നു തെളിഞ്ഞാൽ രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.