Special Story
ശിവശങ്കറിന് ഇന്ന് നിർണ്ണായകദിനം; എൻഐഎ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യും. എൻഐഎ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. എൻ.ഐ.എ ഓഫീസിൽ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിർദേശിച്ചിട്ടുള്ളത്.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എൻ.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യംചെയ്യൽ.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻ.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻ.ഐ.എ.യ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.
പുലർച്ചയോടെ ശിവശങ്കർ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. കഴക്കൂട്ടം വരെ അദ്ദേഹത്തിന് പോലീസ് അകമ്പടിയുണ്ടായിരുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിനും സർക്കാരിനും നിർണ്ണായകമാണ്.