യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേർ അറസ്റ്റില്‍
തൃശൂര്‍ : യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഫണ്ട് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പ്രതികള്‍ അറസ്റ്റില്‍. ജാസ്മിന്‍ ഷായ്ക്ക് പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫിസ് സ്റ്റാഫ് പി ഡി ജിത്തു എന്നിങ്ങനെ നാലുപേരെയാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.സാമ്പത്തിക തട്ടിപ്പുകേസില്‍ ജാസ്മിന്‍ ഷാ അടക്കമുളള നാലുപേര്‍ക്കെതിരെ നേരത്തേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പടുവിച്ചിരുന്നു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് വ്യാജ രേഖയുണ്ടാക്കി 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് യു എന്‍ എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നല്‍കിയത്.
2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുളള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.