Top Stories

കരിപ്പൂർ വിമാന അപകടം: പൈലറ്റ് ഉൾപ്പെടെ 16 പേർ മരിച്ചതായി റിപ്പോർട്ട്

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 16 പേർ മരിച്ചു. ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് ആണ് സഹപൈലറ്റ്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരിൽ നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരും മരിച്ചു. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീൻ, ചെർക്കളത്തുപറമ്പ് സ്വദേശി രാജീവ് എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ രണ്ട് മൃതദേഹങ്ങളുണ്ട്. ഫറോഖ് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു.

ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത്. 191 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടം കനത്ത മഴമൂലമെന്ന് സൂചന. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തു വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളർന്നത്.

കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ക്യാപ്റ്റൻ ദീപക് വി സാത്തേയും ക്യാപ്റ്റൻ അഖിലേഷുമാണ് വിമാനം പറത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button