കരിപ്പൂര്‍ വിമാന ദുരന്തം: മരണം 18 ആയി
കോഴിക്കോട് : കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം 5 പേര് കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 5 പേര് മരിച്ചു.
മരിച്ചവരുടെ പേരുവിവരങ്ങള്‍:
1. ജാനകി, 54, ബാലുശ്ശേരി
2. അഫ്സല് മുഹമ്മദ്, 10 വയസ്സ്
3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി
5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി
6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി
7. മുഹമ്മദ് റിയാസ്, 23, പാലക്കാട്
8. രാജീവന്, കോഴിക്കോട്
9. ഷറഫുദ്ദീന്, കോഴിക്കോട് സ്വദേശി,
10. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി
11. കെ വി ലൈലാബി, എടപ്പാള്‍
12. മനാല്‍ അഹമ്മദ് (മലപ്പുറം)
13. ഷെസ ഫാത്തിമ (2 വയസ്സ്)
14. ദീപക്
15. പൈലറ്റ് ഡി വി സാഥേ
16. കോ പൈലറ്റ് അഖിലേഷ് കുമാര്‍
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്. 1കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്റ് ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അല്‍മാസ് കോട്ടയ്ക്കല്‍, ബി എം പുളിക്കല്‍, ആസ്റ്റര്‍ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകള്‍ ചികിത്സയിലുള്ളത്.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് ഇടായാക്കിയത്.
സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തി വീഴുകയായിരുന്നു. മുൻഭാഗം പൂർണമായും തകർന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാർക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനം തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിമാനം 35 അടി താഴ്ചയിലേക്ക് മറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവാതിലിന്റെ അടുത്ത് വെച്ചാണ് വിമാനം രണ്ടായി പിളർന്നത്.
കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗം പൂർണമായും തകർന്നു. വിമാനം രണ്ടായി പിളർന്നു. ക്യാപ്റ്റൻ ദീപക് വി സാത്തേയും ക്യാപ്റ്റൻ അഖിലേഷുമാണ് വിമാനം പറത്തിയിരുന്നത്.
വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പരിക്കേറ്റവരെ മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളജുകളിലും കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. മൂന്ന് യാത്രക്കാരും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേയും ആശുപത്രിയിൽ എത്തിയ്ക്കുന്നതിന് മുന്നേ മരിച്ചിരുന്നു. പിന്നീട് സഹ പൈലറ്റ് അഖിലേഷ് കുമാറും മറ്റ് 14 യാത്രക്കാരും ആശുപത്രിയിൽ വച്ച് മരണപെടുകയായിരുന്നു.