മലകയറാൻ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും സംഘവും, കൊച്ചിയിൽ വൻ പ്രതിഷേധം
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. കഴിഞ്ഞ മണ്ഡല കാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണി ഉൾപ്പെടെ 4 പേർ സംഘത്തിലുണ്ട്പു. പുലർച്ചെ 5 മണിയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ പ്രതിഷേധക്കാർ മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു.
തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ കഴിയുകയാണ്. നേരത്തെ വിമാനത്താവളത്തിൽനിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തൃപ്തി ദേശായ് മടങ്ങിപ്പോകുംവരെ പ്രതിഷേധം തുടരും എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. കൂടുതൽ പ്രതിഷേധക്കാർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ മുന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു.