സംസ്ഥാനത്ത് ഇന്ന് പലസ്ഥലങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പലസ്ഥലങ്ങളിലും അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ കനത്ത മേഘസാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. മാഹിയിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കും.
ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടും. ഒഡിഷയ്ക്കും പശ്ചിമബംഗാളിനും സമീപത്താണിത്. എന്നാല്‍, ഇത് ശക്തിപ്രാപിക്കില്ലെന്നാണ് കരുതുന്നത്. കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ല. അതിനാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.
എട്ട് അണക്കെട്ടുകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷന് ശനിയാഴ്ച നല്‍കിയിരിക്കുന്ന അറിയിപ്പ്. മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.