Top Stories
സൗജന്യ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
തിരുവനന്തപുരം : സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ഇനം പലവ്യജ്ഞനങ്ങൾ ഉൾപ്പെട്ട കിട്ടാണ് വിതരണം ചെയ്യുന്നത്. 500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും കിറ്റിൽ ഉണ്ടാവുക.
സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പായ്ക്കുചെയ്യുന്ന കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും. സംസ്ഥാനത്തെ 2000-ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരുടെ സഹായത്തോടെയാണ് കിറ്റ് തയ്യാറാക്കുന്നത്.
അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 കുടുംബങ്ങൾക്കാവും ആദ്യഘട്ടത്തിൽ കിറ്റുകൾ വിതരണം ചെയ്യുക. ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം. പിന്നീട് 31 ലക്ഷം മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് 19, 20, 21, 22 തീയതികളിൽ വിതരണം ചെയ്യും.
ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങൾക്ക് നീല, വെള്ള കാർഡുകളുടെ അടിസ്ഥാനത്തിൽ കിറ്റ് വിതരണം നടക്കും. റേഷൻ കാർഡ് ഉടമകൾ ജൂലായ് മാസത്തിൽ ഏത് കടയിൽനിന്നാണോ റേഷൻ വാങ്ങിയത് പ്രസ്തുത കടയിൽനിന്ന് ഓണക്കിറ്റ് വാങ്ങണം.
ഇതുകൂടാതെ റേഷൻകട വഴി കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചിരുന്ന മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോ സ്പെഷ്യൽ അരി വിതരണം ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ഇതിനെല്ലാം പുറമെ ഓണച്ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതൽ 10 ദിവസം ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.