മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപ പിഴ
തിരുവനന്തപുരം : മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് നടത്തുന്ന കോണ്ടാക്ട് ട്രെയ്‌സിംഗ് പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. രോഗവ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി എസ്. സുരേന്ദ്രന്‍ എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ ഏകോപിപ്പിക്കും.
തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജനം മുന്‍കൈ എടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും.
ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. ഇതില്‍ നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കും. റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നടപടിയെടുക്കും.
സ്വയം രക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി കൂടിയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കും. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ അതുപോലുള്ള കാര്യങ്ങളുടെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കും വിധമുള്ള ബോധവത്കരണ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.