News

കിംവദന്തികൾ പ്രചരിപ്പിക്കുന്നതല്ല മാദ്ധ്യമപ്രവര്‍ത്തനം: ഹൈക്കോടതി

കൊച്ചി : കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതല്ല മാദ്ധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി. 24 ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം . ദൃശ്യമാദ്ധ്യമങ്ങളിലായാലും, അച്ചടിമാദ്ധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്‍കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ല.

ചില കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂ, ഇത് ജേർണലിസമല്ല. സത്യം പറയലാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ജോലി . ‘എന്ത് പ്രസിദ്ധീകരിക്കണം, എന്ത് വേണ്ട എന്ന കാര്യത്തില്‍ വിവേകപരമായി തീരുമാനമെടുക്കാം.

ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ ആധികാരികത ഉറപ്പ് വരുത്തണം. ഗോസിപ്പുകള്‍ക്ക് പുറകെ മാദ്ധ്യമപ്രവര്‍ത്തകര്‍ പോകരുത്. ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതാകരുത് വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ കണ്ടുകൊള്ളണം എന്നില്ല. അതുകൊണ്ട് വലിയ ഉത്തരവാദിത്വമാണ് ഓരോ മാദ്ധ്യമപ്രവര്‍ത്തകനുമുള്ളത്.’

ജനാധിപത്യത്തിന്റെ നട്ടെല്ലാണ് മാദ്ധ്യമങ്ങള്‍. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ ജേർണലിസ്റ്റും ഓര്‍ക്കണം. ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാട്ടേണ്ട ആളാണ്.-കോടതി നിരീക്ഷിച്ചു

കൊറോണ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കെതിരെയും ഡോ. ഷിനു ശ്യാമളനെതിരെയുമുള്ള കേസ്. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button