News

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് ചെന്നിത്തല

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാൽ മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ ഉൾപെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റി മാധ്യമങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്തത്. രാഷ്ട്രീയമായി എതിർക്കാൻ കഴിയാത്തതുകൊണ്ടും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുമാണ് ഈ ആരോപണങ്ങൾ എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മാധ്യപ്രവർത്തകർക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങൾ ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ കാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയവരാണ് മാധ്യമങ്ങൾ. പുകഴ്ത്തുമ്പോൾ പരവതാനി വിരിക്കുകയും വിമർശിക്കുമ്പോൾ പുലഭ്യം പറയുകയും ചെയ്യുന്ന രീതി ശരിയല്ല. മാധ്യമപ്രവർത്തകരെ സൈബർ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതിയും  ജനാധിപത്യമര്യാദയല്ല. വനിതാ മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് സൈബർ ആക്രമണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളൽ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവർക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങൾ. സ്പ്രിംഗ്ലർ മുതൽ പാവങ്ങൾക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയിൽ വരെ അഴിമതി നടക്കുമ്പോൾ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button