പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി
ഇടുക്കി : മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഏഴാം ദിവസമാണ് തിരച്ചിൽ തുടങ്ങിയിട്ട്.
പുഴയുടെ തീരം കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചിൽ. നേരത്തെ പുഴയുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കാണാതായ 14 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓഗസ്റ്റ് ഏഴാം തിയതിയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്.
ഇന്നലെ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. പെട്ടിമുടിയിൽ പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സന്ദർശനത്തിന് പിന്നാലെ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്ടിമുടിയിൽ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.