ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി
തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഇന്ന് മുതൽ ബാങ്കുകൾ സന്ദർശിക്കുന്നതിന് സമയക്രമീകരണം ഏർപ്പെടുത്തി. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാർക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണമില്ല. സെപ്റ്റംബർ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും.
സേവിങ്‌സ് അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കമനുസരിച്ചാണ് സമയ ക്രമീകരണം. അക്കൗണ്ട് നമ്പർ പൂജ്യംമുതൽ മൂന്നുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് രാവിലെ 10-നും 12-നും ഇടയ്ക്കുമാത്രമേ ബാങ്കുകളിൽ പ്രവേശനമുള്ളൂ. നാലുമുതൽ ഏഴുവരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവർക്ക് രണ്ടരമുതൽ മൂന്നരവരെയും ബാങ്കുകളിൽ എത്താം.
ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശപ്രകാരം ചില മേഖലകളിൽ സമയക്രമീകരണത്തിൽ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളിൽ പ്രദർശിപ്പിക്കും.