മുളന്തുരുത്തി പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു
കോട്ടയം : സഭാതര്ക്കം നിലനില്ക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി കടുത്ത പ്രതിഷേധത്തിനിടെ ബലപ്രയോഗത്തിലൂടെ പോലീസ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇന്ന് പുലർച്ചെയാണ് പള്ളിയുടെ ഗെയ്റ്റ് പൊളിച്ച് പോലീസ് പള്ളിക്കകത്ത് പള്ളി പിടിച്ചെടുത്തത്.സ്ത്രീകളടക്കമുള്ള വിശ്വാസികളേയും വൈദികരേയും മെത്രാപ്പോലീത്തമാരേയും അടക്കം അറസ്റ്റ് ചെയ്ത് നീക്കിയാണ് പള്ളി ഏറ്റെടുത്തത്. പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ ജില്ലാ ഭരണകൂടത്തിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുലർച്ച പോലീസ് നടപടിയിലേക്ക് കടന്നത്.
ഇന്ന് രാവിലെ പത്ത് മണിക്ക് കോടതി കേസ് പരിഗണിക്കുന്നുണ്ട്. അത് വരെ സമയം വേണമെന്നും ഏറ്റെടുക്കരുതെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാഭരണകൂടം അത് നിരസിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് ജില്ലാ ഭരണകൂടവും പോലീസും സംഭവസ്ഥലത്തെത്തി നടപടികളിലേക്ക് കടന്നത്.
ഞാറാഴ്ച രാത്രി മുതൽ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. പോലീസ് പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ വിശ്വാസികൾ ഗേറ്റ് അടച്ച് പൂട്ടി പ്രതിരോധ മതിൽ തീർത്തു. സബ് കളക്ടർ അടക്കം ആവശ്യപ്പെട്ടിട്ടും വിശ്വാസികൾ വഴങ്ങാതെ വന്നതോടെ ഗേറ്റ് പോലീസ് മുറിച്ചുമാറ്റി തള്ളിക്കയറുകയായിരുന്നു. കോവിഡ് ഭീതിയുള്ളതിനാൽ പോലീസ് പിപിഇ കിറ്റ് ധരിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.