Top Stories
ലൈഫ് മിഷൻ വിവാദം: റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു
തിരുവനന്തപുരം : ലൈഫ് മിഷൻ വിവാദത്തിൽ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷൻ സി.ഇ.ഒ യു.വി.ജോസാണ് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തിൽ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്.