Top Stories

കയ്പമംഗലം ജൂവലറി കവർച്ച: നാടകമാണോ എന്ന് സംശയം

തൃശ്ശൂർ : കയ്പമംഗലം മൂന്നുപീടികയിലെ ജൂവലറി കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് സംശയം. കുറച്ചു നാളുകളായി അടഞ്ഞു കിടക്കുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ സ്വർണം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് സംശയിക്കുന്നത്.

ജൂവലറിയുടെ ഭിത്തി കുത്തിത്തുരന്ന് ആരോ അകത്തുകടന്നിട്ടുണ്ടെന്നത് ശരിയാണെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. എന്നാൽ, ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്ന് മോഷണം നടന്നിട്ടില്ലെന്നും സ്വര്‍ണ്ണം ജ്വല്ലറിയിലോ, രഹസ്യ അറയിലോ ഉണ്ടായിരുന്നില്ലന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ആറുകിലോ സ്വർണം സ്റ്റോക്കുണ്ടെന്നു കാണിച്ച് ബാങ്കിൽനിന്ന്‌ ഉടമ വൻതുക വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയ്ക്ക് ബാങ്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. സ്വർണം നഷ്‌ടപ്പെട്ടതായി കാണിച്ച് വായ്പതിരിച്ചടവിൽനിന്ന്‌ രക്ഷപ്പെടാനായി ഉടമ കെട്ടിച്ചമച്ച കഥയാണോ മോഷണമെന്നും പോലീസ് സംശയിക്കുന്നുണ്ട്. നിരവധിയാളുകളിൽനിന്നും പണം നിക്ഷേപമായി സ്വീകരിച്ച് പലവിധ ബിസിനസുകൾ നടത്തിയ ഉടമയ്ക്ക് ഇതിൽ കനത്ത നഷ്ടം സംഭവിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പത്തോളം സി.സി.ടി.വി കാമറയുളള ജ്വല്ലറിയിലും രഹസ്യ അറയിലും ഒന്നു പോലും പ്രവര്‍ത്തിക്കാത്തത് ദുരൂഹമാണ്. അസമയത്ത് ആരെങ്കിലും എത്തിയാല്‍ മുഴങ്ങുന്ന ജാഗ്രത അലാറവും നിശബ്ദമായിരുന്നു. പുറത്തു നിന്ന് ഭിത്തി തുരന്നത് കൃത്യമായി ഗോവണിയുടെ കോണ്‍ക്രീറ്റ് സ്ലാബിലെ സ്റ്റെപ്പിന് മുകളില്‍ വന്നത് അകത്ത് നിന്ന് തുളയുണ്ടാക്കിയതിന്റെ സൂചനയാണെന്നുമാണ് ലഭിക്കുന്ന വിവരം. നിരവധി ലോക്കുകളുള്ള അണ്ടര്‍ ഗ്രൗണ്ട് രഹസ്യ അറ പൊളിക്കാതെ തുറന്നതെങ്ങനെ എന്ന സംശയവും നിലനില്‍ക്കുന്നു. പൊലീസ് നായ അകലേക്കൊന്നും പോകാത്തതും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു.

രാവിലെ കടതുറന്ന ഉടമയും മാനേജരും ഭിത്തി തുരന്നതായി കണ്ടെന്നും ഉടൻ പോലീസിൽ പരാതി നൽകിയെന്നുമായിരുന്നു വിവരം. ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നുകിലോ 120 ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഉടമ പോലീസിന് മൊഴി നൽകിയത്. തുടർന്ന് എസ്.പി. ഉൾപ്പെടെയുള്ള ഉന്നതസംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അന്വേഷണം തുടരവെയാണ് നിർണ്ണായക സംശയങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button