Top Stories

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് കെ മാണി ഗ്രൂപ്പിനെതിരെ കടുത്ത നടപടി: ബെന്നി ബഹന്നാൻ

കൊച്ചി : സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചാൽ മുന്നണിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

നേരത്തെ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിക്കാൻ ജോസ് കെമാണി വിഭാഗം തയ്യാറായില്ല. അതുകൊണ്ട് മുന്നണിയിൽ തുടരാനുള്ള ധാർമികത അവർക്കില്ലെന്ന് കണ്ടതിനെ തുടർന്നാണ് ജോസ് കെ മാണി വിഭാഗത്തെ മാറ്റിനിർത്തിയിരിക്കുന്നത്. അച്ചടക്കലംഘനത്തിനുള്ള സസ്പെൻഷനാണ് ഇപ്പോൾ കേരള കോൺഗ്രസിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ സർക്കാരിനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. അതിൽ വീണ്ടും നിസ്സഹകരിക്കാനാണ് തീരുമാനമെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.

യുഡിഎഫിന്റെ തീരുമാനം ഉൾക്കൊള്ളാൻ മുന്നണിയിലെ അംഗമെന്ന നിലയിൽ കേരള കോൺഗ്രസിന് ബാധ്യത ഉണ്ട്. യുഡിഎഫ് എടുത്ത തീരുമാനത്തെ ലംഘിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. നടപടിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ല. തെറ്റായ തീരുമാനം തിരുത്താൻ ഇനിയും അവസരമുണ്ട്.അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താൽ അവരെ തിരിച്ചെടുക്കുന്ന കാര്യം അപ്പോൾ ചർച്ച ചെയ്യാം. യുഡിഎഫിന്റെ നിലപാട് വളരെ വ്യക്തമാണെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

അതേസമയം, യുഡിഎഫിൽ നിന്ന് പുറത്താക്കിയ ഞങ്ങളെ ഇനി എന്ത് ചെയ്യാനാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പാർട്ടിയിൽ കൂടിയാലോചിച്ചു ഉചിതമായ നടപടി സ്വീകരിയ്ക്കുമെന്നും ജോസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button