Top Stories
സ്വർണ്ണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ഇന്ന് ചോദ്യംചെയ്യും
കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യംചെയ്യും. ബുധനാഴ്ച 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ച് അധികൃതർ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുള്ള സ്ഥാപനങ്ങളിൽ ബിനീഷിന് പങ്കാളിത്തമുണ്ട് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് 2018 തുടങ്ങിയ യു.എ.എഫ്.എക്സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ബന്ധമുള്ള ആൾ ആണെന്ന് മൊഴിയെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
യു.എ.എഫ്.എക്സ് സൊലൂഷൻസാണ് യുഎഇ കോൺസിലേറ്റുമായി ബന്ധപ്പെട്ട ഇടപാടിൽ കമ്മീഷൻ നൽകിയതെന്നാണ് സ്വപ്നസുരേഷ് ഇഡിക്ക് നൽകിയിരിക്കുന്ന മൊഴി.
2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകൾ ഈ കമ്പനികളുടെ മറവിൽ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.