Top Stories
ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിയ്ക്കാൻ ഡി.എസ്.ജെ.പിയും
തിരുവനന്തപുരം : വരുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയും. ചവറ കുട്ടനാട് നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എന്ന ഡിഎസ്ജെപി. പഴയ എൻ ഡി പിയിൽ ചിലരാണ് പുതിയ പാർട്ടിയുടെ പിന്നിൽ. നായർ, ബ്രാഹ്മണർ ഉൾപ്പെടെയുള്ള മുന്നോക്ക സമുദായ വോട്ടുകളുടെ ഏകീകരണമാണ് പാർട്ടിയുടെ ലക്ഷ്യം.

ചവറയിൽ വേരുകളുള്ള പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായ വി. വേണുഗോപാലാണ് ചവറയിൽ മത്സരിയ്ക്കാൻ തയ്യാറെടുക്കുന്നത്. മുൻ പി.എസ്.സി ചെയർമാൻ വി.ഗോപാലകൃഷ്ണ കുറുപ്പിന്റെ മകനും വ്യവസായിയുമായ ഡോ.എസ്.വിനുകുമാർ ആണ് കുട്ടനാട്ടിൽ മത്സരിയ്ക്കുന്നത്.
എൻ ഡി പി മുൻ ചെയർമാനും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന മഞ്ചേരി ഭാസ്കരൻപിള്ള രക്ഷാധികാരിയായി രൂപീകരിച്ച സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന സാംസ്കാരിക സംഘടനയാണ് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറിയത്. പ്രശസ്ത മാധ്യമപ്രവർത്തകനായ കെ എസ് ആർ മേനോൻ പ്രസിഡന്റും, മുൻ ധനകാര്യ മന്ത്രി കെഎം മാണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രൊഫ.കോന്നി ഗോപകുമാർ ജനറൽ സെക്രട്ടറിയും, പ്രമുഖ വ്യവസായിയും സരിത കേസിൽ ഉമ്മൻചാണ്ടിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത മല്ലേലിൽ ശ്രീധരൻ നായർ ട്രഷററുമായ സംസ്ഥാന കമ്മിറ്റിയാണ് പാർട്ടിയുടെ നേതൃത്വം.
ദാരിദ്ര്യത്തിന് ജാതിയില്ല എന്ന മുദ്രാവാക്യവുമായിട്ടാണ് പുതിയ പാർട്ടി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ദരിദ്രരെ ജാതിതിരിച്ച് മാറ്റി നിർത്തുന്നതിനെ എതിർക്കുന്ന രാഷ്ട്രീയ സമീപനമാണ് പാർട്ടിക്കുള്ളത് എന്നാണ് ഭാരവാഹികളുടെ അവകാശവാദം.
സംവരണത്തിന്റെയും സാമൂഹ്യക്ഷേമ പരിപാടികളുടേയും ആനുകൂല്യങ്ങൾ ലഭിക്കാത്ത കേരളത്തിലെ ജന സംഘ്യയുടെ 40 ശതമാനത്തോളം വരുന്ന സംവരണേതര സമുദായങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക എന്നുള്ളതാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യം.
രാഷ്ട്രീയം അപ്രസക്തമാവുകയും ജാതിയടിസ്ഥാനത്തിൽ ജനങ്ങൾ വിഭജിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കേരള സമൂഹത്തിൽ പുതിയ രാഷ്ട്രീയ പാർട്ടിക്ക് ഇടം ലഭിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.