ജലീലിനെ നശിപ്പിക്കുക യു.ഡി.എഫിന്റേയും ലീഗിന്റെയും ലക്ഷ്യം: എ.കെ ബാലൻ
തിരുവനന്തപുരം : നയതന്ത്ര പാഴ്സലിൽ മതഗ്രന്ഥങ്ങൾ വന്ന സംഭവത്തിൽ കെ ടി ജലീലിനെ പിന്തുണച്ച് നിയമ മന്ത്രി എ കെ ബാലൻ. ജലീലിനെ നശിപ്പിക്കുക എന്നുളളത് യു.ഡി.എഫിന്റേയും മുസ്ലീംലീഗിന്റെയും ലക്ഷ്യമാണെന്നും ഇപ്പോൾ ബിജെപിയും അത് ഏറ്റെടുത്തിരിക്കുകയാണെന്നും എ.കെ.ബാലൻ പറഞ്ഞു. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ലെന്നും എകെ ബാലൻ ന്യായീകരിച്ചു.
പ്രതിപക്ഷ സമരങ്ങൾ ഹൈക്കോടതി ഉത്തരവിന് എതിരാണ്. പ്രതിപക്ഷവും ബിജെപിയും കലാപത്തിന് നേതൃത്വം കൊടുക്കുന്നു. കൊവിഡ് സാഹചര്യം വഷളാക്കാനാണ് സമരക്കാരുടെ ശ്രമമെന്നും പ്രതിപക്ഷ ആരോപണങ്ങളെല്ലാം പൊളിഞ്ഞ് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി മാർഗനിർദേശം ഉളളതുകൊണ്ടാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്. ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല. ഇ.ഡിയുടെ നപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ലന്നും എ.കെ.ബാലൻ പറഞ്ഞു. കസ്റ്റംസ് ക്ലിയറൻസ് ചെയ്ത ഒരു സാധനമാണ് ജലീൽ വിതരണം നടത്തിയത്. ജലീൽ ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്, വഖഫിന്റെ മന്ത്രിയാണ്. ഖുറാൻ ഒരു നിരോധിതഗ്രന്ഥമല്ലന്നും ഇതിൽ മന്ത്രി എന്ത് പിഴച്ചുവെന്നും എ കെ ബാലൻ ചോദിച്ചു.