പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കം കുറിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രണബ് മുർജിയ്ക്ക് പുറമേ പണ്ഡിറ്റ് ജസ് രാജ്, രഘുവംശ് പ്രസാദ് സിംഗ് എന്നിവർക്കും സഭ ആദരാഞ്ജലി അർപ്പിച്ച ശേഷം ഒരു മണിക്കൂർ സഭ നിർത്തിവച്ചു. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച ലോക്‌സഭ നടപടി ക്രമങ്ങള്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ നീളും. വൈകുന്നേരം മൂന്നിനാണ് രാജ്യസഭ ആരംഭിക്കുക.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് അംഗങ്ങള്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നത്. 18 ദിവസം നീളുന്ന സഭാസമ്മേളനത്തിനിടെ, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് ഉച്ച കഴിഞ്ഞു തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ ഒന്നിന് വർഷകാല സമ്മേളനം അവസാനിക്കും.
11 ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ശനിയും ഞായറും അവധിയില്ല,ചോദ്യോത്തരവേളയില്ല. ശൂന്യവേളയുടെ സമയം വെട്ടിക്കുറച്ചു. ഹാജര്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പാണുളളത്.
അതേസമയം, രാജ്യം സൈനികർക്ക് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന സന്ദേശം പാർലമെന്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സൈനികർ അവരുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള അഭിനിവേശത്തോടെയും ധൈര്യത്തോടെയും ശക്തമായ ദൃഢനിശ്ചയത്തോടുംകൂടി അതിർത്തിയിൽ ഉറച്ച് നിൽക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവർ നിൽക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഞ്ഞ് വീഴ്ചയും ഉണ്ടാകും. അതേ ദൃഢതയോടുകൂടി തന്നെ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ പിന്നിൽ ഉറച്ച് നിൽക്കുന്നുവെന്ന ഐക്യത്തോടെയുള്ള ശബ്ദത്തിൽ പാർലമമെന്റിൽ നിന്ന് ഒരു സന്ദേശം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വർഷകാല സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന് മുന്നിൽ ലോക്സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.