സ്വപ്നയും,റമീസും ഒരേസമയം ആശുപത്രിയില്‍; റിപ്പോര്‍ട്ട് തേടി ജയില്‍ വകുപ്പ്
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്നും, റമീസിനെ വയറു വേദനയെ തുടർന്നും ഒരേസമയം ആശുപത്രിയില്‍ ചികിത്സ നല്‍കിയതില്‍ റിപ്പോര്‍ട്ട് തേടി ജയില്‍ വകുപ്പ്. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫിസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. ഇതിനായുള്ള മെഡിക്കല്‍ ബോര്‍ഡ് യോഗം തുടങ്ങി.
സ്വപ്നയെ കഴിഞ്ഞ തിങ്കളാഴ്ച ഇസിജിയില്‍ വ്യതിയാനം കണ്ടതിനു പിന്നാലെ മെഡിസിന് വിഭാഗം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മര്‍ദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതില്‍ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. തുടർന്ന് ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വപ്ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ഞായറാഴ്ച വൈകിട്ട് വീണ്ടുംനെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഇന്നലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ റമീസിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.