Top Stories

ശബരിമല ദര്‍ശനത്തിനായി ബുക്കിങ് ഇന്നു മുതല്‍

തിരുവനന്തപുരം : തുലാമാസ പൂജയ്ക്കായി നടതുറക്കുമ്പോൾ  ശബരിമല ദര്‍ശനത്തിനായി ഇന്നു മുതല്‍ അപേക്ഷിക്കാം. രാത്രി 11 മണിയോടെ വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഒറ്റത്തവണയായി 250 ലധികം പേരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമാകും പ്രവേശനം. പമ്പയില്‍ നിന്ന് സ്വാമി അയ്യപ്പന്‍ റോഡു വഴിയാകും മലകയറ്റവും ഇറക്കവും. അന്നദാനത്തിന് കടലാസ് പ്ലേറ്റുകള്‍. സ്റ്റീല്‍ ബോട്ടിലുകളില്‍ 100 രൂപയ്ക്ക് കുടിവെള്ളം ലഭിക്കും. കുപ്പി തിരികെ ഏല്‍പ്പിക്കുമ്ബോള്‍ പണം മടക്കി നല്‍കും. പമ്പാ സ്‌നാനത്തിന് പകരം ഷവറുകള്‍ സ്ഥാപിക്കും.

തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവില്ല. കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ രാധാകൃഷ്ണനാണ് ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും സ്‌പെഷ്യല്‍ ഓഫീസറെ സഹായിക്കും.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തര്‍ക്ക് ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉണ്ടെങ്കില്‍ കോവിഡ് പരിശോധനയ്ക്കും ചികില്‍സയ്ക്കും സൗജന്യം കിട്ടും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദര്‍ശനം അനുവദിക്കരുതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. നിലയ്ക്കലിലെ ആന്റിജന്‍ പരിശോധനകള്‍ക്ക് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകരെ വിട്ടു നല്‍കേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു. എന്നാല്‍ ദര്‍ശനം അനുവദിക്കാമെന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറിതല സമിതി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button