Top Stories
ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും; ശനിയാഴ്ച രാവിലെ മുതൽ ഭക്തർക്ക് ദർശനം
പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചു മണി മുതൽ ഭക്തർക്ക് ദർശനം നടത്താം. ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ശബരിമല സന്നിധാനത്ത് ഭക്തരെത്തുന്നത്. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും.
വെർച്ച്വൽ ക്യൂ വഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം. മലകയറുമ്പോൾ ഒഴിച്ച് മറ്റുള്ള സമയത്ത് മാസ്ക് നിർബന്ധമാണ്. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇല്ലാത്തവർ നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല.
10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം. മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്. യാത്രയിൽ ഉടനീളം സാമൂഹിക അകലം പാലിക്കണം. കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്.
വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രം.
മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തേക്ക്. കൊടിമരച്ചുവട്ടിൽനിന്ന് ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും. ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇല്ല.
മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദൻ റോഡുവഴി സന്നിധാനത്തേക്ക്. കൊടിമരച്ചുവട്ടിൽനിന്ന് ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും. ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇല്ല.
പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം. ശ്രീകോവിലിന് പിന്നിൽ നെയ്ത്തേങ്ങാ സ്വീകരിക്കാൻ കൗണ്ടർ ഉണ്ടാകും. മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും
അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ. പമ്പയിലും സന്നിധാനത്തും പരിമിതമായ രീതിയിൽ അന്നദാനമുണ്ടാകും.
സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല. തന്ത്രി, മേൽശാന്തി, മറ്റ് പൂജാരിമാർ എന്നിവരെ കാണാൻ അനുവാദമില്ല. ഭസ്മക്കുളത്തിൽ കുളിക്കാൻ അനുവദിക്കില്ല. ശയനപ്രദക്ഷിണം ഇല്ല. നെയ്ത്തേങ്ങ ഉടയ്ക്കൽ ഇല്ല.
പമ്പയിൽനിന്ന് 100 രൂപയ്ക്ക് ചൂടുവെള്ളം സ്റ്റീൽകുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പി തിരികെനൽകി പണം വാങ്ങാം. കാനന പാതയിൽ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണവും ഉണ്ടാകും.
പന്തളം, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് സാധാരണ പമ്പ സർവീസുകൾ ഉണ്ടാകും. 30-ൽ കൂടുതൽ തീർഥാടകർ എത്തിയാൽമാത്രം അധിക ബസ്. തീർഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. പമ്പയിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ എത്തി പാർക്കുചെയ്യണം. പമ്പാ സ്നാനം ഇല്ല. ഷവർ സജ്ജമാക്കിയിട്ടുണ്ട്. മാളികപ്പുറങ്ങൾക്ക് പ്രത്യേക കുളിമുറി തയ്യാറാണ്.150 ശൗചാലയങ്ങളും തയ്യാറാക്കിയിട്ടുണ്ട്.