രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും
കോഴിക്കോട് : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. പ്രത്യേക വിമാനത്തില്‍ രാവിലെ 11.15ന് കരിപ്പൂരില്‍ എത്തുന്ന അദ്ദേഹം മലപ്പുറം കലക്ടറേറ്റിലെത്തി കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും.
തുടർന്ന് മലപ്പുറം ഗസ്റ്റ് ഹൗസിലെ ഉച്ചഭക്ഷണത്തിന് ശേഷം കവളപ്പാറ ദുരന്തത്തില്‍ മാതാപിതാക്കളെയും, സഹോദരങ്ങളേയും, വീടും നഷ്ടമായ മലപ്പുറം എടക്കരയിലെ കാവ്യ,കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി കൈമാറും. കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവഴിച്ച് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.
പിന്നീട് വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ എം.പി ഫണ്ട് വിനിയോഗവും വിലയിരുത്തും. ഉച്ചയ്ക്ക് രണ്ടരയോടെ വയനാട്ടിലേക്ക് തിരിക്കും. ഇന്നും നാളെയും കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലായിരിക്കും രാഹുൽ താമസിക്കുക.
ചൊവ്വാഴ്ച വയനാട് കലക്ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലും മറ്റൊരു മീറ്റിംഗിലും രാഹുല്‍ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയ്ക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം രാഹുല്‍ മട്ടന്നൂര്‍ വിമാനത്താവളം വഴി ദില്ലിക്ക് മടങ്ങും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടികള്‍.ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കും. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസം ഉണ്ടാകുക. എട്ട് മാസത്തിന് ശേഷമാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.