Top Stories

കൊവിഡ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചത് ഓക്സിജൻ കിട്ടാതെയെന്ന് നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍

കൊച്ചി : കൊവിഡ് ബാധിച്ച്‌ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജന്‍ കിട്ടാതെയെന്ന് നഴ്സിങ് ഓഫീസറുടെ വെളിപ്പെടുത്തല്‍. നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ മെഡിക്കല്‍ കോളേജിലെ നഴ്സിങ് ഓഫീസര്‍ ജലജാ ദേവി കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശത്തിലാണ് ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന പരാമര്‍ശം ഉള്ളത്.

ജീവനക്കാരുടെ അശ്രദ്ധ കാരണം പലരുടെയും ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ ഡോക്ടറന്മാർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. ജൂലായ് 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്നയാളാണിത്. അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലാണ് പ്രശ്‌നമാവാതെ രക്ഷപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഒന്നു കൂടി ശ്രദ്ധിക്കണം. ഇക്കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ശബ്ദ സന്ദേശം പറയുന്നു.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ നഴ്‌സിങ് ഓഫിസര്‍ കൈമാറിയതെന്ന് പറയുന്ന ശബ്ദ സന്ദേശം ഗുരുതരമായ പരാമര്‍ശങ്ങളുമായി പുറത്ത് വന്നത്. എന്നാല്‍ നഴ്സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും, ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സിങ് ഓഫീസര്‍ വിശദീകരിച്ചു.

സംഭവം വിവാദമായതോടെ ജന പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്ത് എത്തി.ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. ആരോപണത്തെ കുറിച്ച്‌ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button