Top Stories

സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശാര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതിമോശമായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

മലയാളിയായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളോടെ കേരളത്തിലേക്ക് വരികയായിരുന്നു. കൊയിലാണ്ടി ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ചിത്രരചനയില്‍ ബിരുദം നേടി.

മലയാള സാഹിത്യ ലോകത്തിന് ഒട്ടേറെ നോവലുകളും ചെറുകഥകളും യാത്രാവിവരണങ്ങളും സംഭാവന ചെയ്ത പ്രതിഭയായിരുന്നു യു എ ഖാദര്‍. തൃക്കോട്ടൂര്‍ പെരുമ, ഒരു പിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി,തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം തുടങ്ങി അമ്പതിലധികം കൃതികളുടെ കര്‍ത്താവാണ്. അവസാനമായി പുറത്തിറങ്ങിയ രചന 2011 ല്‍ പ്രസിദ്ധീകരിച്ച ശത്രു എന്ന നോവലാണ്. ഓര്‍മകളുടെ പഗോഡ എന്ന പേരില്‍ അദ്ദേഹം രചിച്ച യാത്രാവിവരണം 70 വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാടായ മ്യാന്‍മര്‍ സന്ദര്‍ശിച്ചതിതും തുടര്‍ന്നുള്ള ഗൃഹാതുരഓര്‍മകളുടെയും സമാഹാരമാണ്.

1983 ല്‍ തൃക്കോട്ടൂര്‍ പെരുമ എന്ന കഥാസാമാഹരത്തിനും 2000 ല്‍ അഘോരശിവം എന്ന നോവലിനും 2007 ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2009 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനും തൃക്കോട്ടൂര്‍ പെരുമ അര്‍ഹമായി. ഇവ കൂടാതെ എസ്.കെ പൊറ്റക്കാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി.ടി സ്മാരക പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ആകാശവാണി നിലയത്തിലും സംസ്ഥാന ആരോഗ്യ വകുപ്പിലും സേവനമനുഷ്ഠിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഭരണ സമിതികളിലെ ഉപാദ്ധ്യക്ഷന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവര്‍ണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button