വാളയാര്‍ പീഡനം: പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി
കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്തണം. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാരും പെണ്‍കുട്ടികളുടെ മാതാവും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്. അനിത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളെ 20ന് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
വാളയാറില്‍ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.