Top Stories

നിയമസഭ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട്

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ്സു കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ഇത് സംബന്ധിച്ച മാർഗനിർദേശം നൽകി. കോവിഡ് രോഗികൾ, ഭിന്നശേഷിക്കാർ, 80 വയസ്സു കഴിഞ്ഞവർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിനാണ് നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് സൗകര്യം ഉള്ളത്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലായിരിക്കും കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ സാധിക്കുക.

ഇതുമായി ബന്ധപ്പെട്ട കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. കോവിഡ് ജാഗ്രത പാലിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തി. ഒരാഴ്ചയാണ് കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് സമയം നൽകിയിരിക്കുന്നത്.

വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളിൽ പോസ്റ്റൽ വോട്ട് സൗകര്യം ആഗ്രഹിക്കുന്നവർ റിട്ടേണിങ് ഓഫീസർക്ക് രേഖാമൂലം അപേക്ഷ നൽകണം. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ സംസ്ഥാനതലം മുതൽ ബൂത്തുതലം വരെ ഹെൽത്ത് നോഡൽ ഓഫീസർമാരെ നിയോഗിക്കാനും നിർദേശമുണ്ട്.

കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന് ആവശ്യമായ മുൻകരുതലുകൾ- മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ് തുടങ്ങിയവയെല്ലാം മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്ന് ആരോഗ്യവകുപ്പ് വാങ്ങണം. ഇതിന് ചെലവാകുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യവകുപ്പിന് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button