Top Stories

രാജ്യത്ത് ജനിതക വ്യതിയാനം വന്ന കോവിഡ് എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ജനിതക വ്യതിയാനം വന്ന അതി തീവ്ര കോവിഡ് വൈറസ് ബാധ എട്ടുപേരില്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ പടരുന്ന അതി തീവ്ര വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 90 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.

രോഗബാധ സ്ഥിരീകരിച്ചവരെയെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം 82 പേരില്‍ അതി തീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കേരളത്തിലും അതി തീവ്ര വൈറസ് കണ്ടെത്തിയിരുന്നു.

തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.

ബ്രിട്ടനില്‍ ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിന് ശേഷം ജനുവരി ആറു മുതലാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button