സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും. ഫിലിം ചേമ്പർ ഓഫ് കോമേഴ്സിന്റേതാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എല്ലാ തർക്കവും അവസാനിച്ചു. സർക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പർ പ്രതിനിധികൾ പറഞ്ഞു.
വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ.മലയാള സിനിമകൾ മുൻഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക. ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിയേറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കുാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയേറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം.
പ്രൊഷണൽ നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയർഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.