News

പുതുക്കിയ യുജിസി ശമ്പളം അടുത്ത മാസം മുതല്‍; 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം

തിരുവനന്തപുരം : കോളജ് അധ്യാപകരുടെ യുജിസി ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത പരിഹരിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ശമ്പള പരിഷ്കരണം സംബന്ധിച്ചു സര്‍ക്കാര്‍ നേരത്തേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിലെ ചില വ്യവസ്ഥകളുടെ കാര്യത്തില്‍ അക്കൗണ്ടന്റ് ജനറല്‍ വിശദീകരണം ചോദിച്ചിരുന്നു. അത്തരം കാര്യങ്ങളില്‍ ഭേദഗതി വരുത്തിയാണു പുതിയ ഉത്തരവ്.

ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. അന്നു മുതല്‍ 2019 മാര്‍ച്ച്‌ 31 വരെയുള്ള കുടിശിക പിഎഫില്‍ ലയിപ്പിക്കും. ഇത് 2140 കോടി രൂപ വരും. പിഎച്ച്‌ഡി എടുത്ത ശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് 5 ഇന്‍ക്രിമെന്റും സര്‍വീസില്‍ കയറിയ ശേഷം പിഎച്ച്‌ഡി എടുത്തവര്‍ക്ക് 3 ഇന്‍ക്രിമെന്റും അനുവദിച്ചിരുന്നത് എടുത്തു കളഞ്ഞു. എന്നാല്‍ 2018 ജൂലൈ 17 വരെ ഈ ഇന്‍ക്രിമെന്റിനു പ്രാബല്യം നല്‍കിയിട്ടുണ്ട്. അതിനു ശേഷം നല്‍കിയ ഇന്‍ക്രിമെന്റ് തുക തല്‍ക്കാലം തിരികെ പിടിക്കില്ല. ഇതു കുടിശിക തുകയില്‍ നിന്ന് ഈടാക്കണമോയെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായം തേടും.

യുജി,പിജി കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് യുജിസി ശമ്പള പരിഷ്കരണത്തിന് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ശമ്പള പരിഷ്കരണത്തില്‍ വ്യത്യസ്ത ശമ്പള സ്കെയില്‍ നിശ്ചയിച്ചിരിക്കുന്നത് ഒഴിവാക്കി. പ്രിന്‍സിപ്പല്‍മാര്‍ക്ക് സ്ഥലം മാറ്റം വരുമ്പോൾ ശമ്പളത്തിലും മാറ്റം വരും എന്നതിനാലാണിത്. സംസ്ഥാനത്തെ എല്ലാ കോളജുകളെയും പിജി കോളജ് ആയി കണക്കാക്കി പ്രിന്‍സിപ്പല്‍മാര്‍ക്ക് അതിനനുസരിച്ചുള്ള ശമ്പളം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button