താൻ നിരപരാധി, കേസ് ഭർത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ചത്: പോക്സോ കേസിൽ പ്രതിയായ അമ്മ
കൊല്ലം : താൻ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള കേസ് ഭർത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ചതാണെന്നും കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ അമ്മ. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മകനെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിനാധാരമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ജോലി ചെയ്തിരുന്ന സ്ഥലത്ത് വന്ന് മൊഴിയെടുക്കാനാണെന്ന് പറഞ്ഞ് കൊണ്ടുപോയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിയ ശേഷമാണ് റിമാൻഡ് ചെയ്യുകയാണെന്ന വിവരം അറിഞ്ഞത്. എനിക്കെതിരെ മകൻ പരാതി തന്നിട്ടുണ്ടെന്നും റിമാൻഡ് ചെയ്യാൻ കോടതിയുടെ ഉത്തരവ് ഉണ്ടെന്നുമാണ് പോലീസ് പറഞ്ഞത്.
തനിക്കൊപ്പം നില്ക്കുന്ന മകനെ ഭര്‍ത്താവ് തിരിച്ചവാശ്യപ്പെട്ടിരുന്നു. അതിന് ഞാൻ തയ്യാറല്ലായിരുന്നു. എന്ത് വിലകൊടുത്തും ഉമ്മച്ചിയെ ജയിലിൽ ആക്കിയിട്ട് അവനെ തിരിച്ചു കൊണ്ടുപോകുമെന്ന് മകനോട് പറഞ്ഞിരുന്നു. മകനെ ഭർത്താവ് ഫോണിലൂടെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു.ഭർത്താവ് മക്കളെ മർദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.
മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി കൊടുപ്പിച്ചത്. അല്ലെങ്കിൽ എന്റെ മകൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലർജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലർജിയുടെ ഗുളികയായിരിക്കും അത്. പരാതി നൽകിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതൽ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. പരാതി നൽകിയ മകൻ ഉൾപ്പെടെ എല്ലാമക്കളെയും തിരികെ വേണമെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.