ഇന്ന് മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ; എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം
തിരുവനന്തപുരം : ഇന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കാം. ഇത് സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് മുഴുവൻ അധ്യാപകരും സ്കൂളിലെത്തണം. എത്താത്തവർക്കെതിേര കർശന നടപടി വരും. കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകര്‍ക്ക് മാത്രമാണ് ഇളവുണ്ടാകുക. ശനിയാഴ്ച പ്രവൃത്തിദിനമായി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലും ഇതു പ്രാവർത്തികമാക്കണം.
നൂറില്‍ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം. അതില്‍ കൂടുതലുള്ള സ്കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരണം വേണം. രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.